വാഷിംഗ്ടൺ : അമേരിക്കയുടെ പ്രധാനമായ പങ്കാളിയാണ് ഇന്ത്യയെന്ന് പെന്റഗൺ. ചൊവ്വാഴ്ച വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്, ആ പങ്കാളിത്തം വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
‘യുക്രെയ്‌നിന്റെയും റഷ്യയുടെയും യുക്രെയ്‌നിലെ അനധികൃത അധിനിവേശത്തിന്റെയും കാര്യത്തിൽ, ആത്യന്തികമായി, എപ്പോൾ സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് തീരുമാനിക്കേണ്ടത് യുക്രെയ്‌നാണ്.’ എന്ന് യുക്രെയ്ൻ-റഷ്യ യുദ്ധത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
”ഇപ്പോൾ, അവരുടെ രാജ്യം സംരക്ഷിക്കാനും, പരമാധികാരം സംരക്ഷിക്കാനും പ്രദേശം തിരിച്ചുപിടിക്കുന്നതിനും അവർക്ക് ആവശ്യമുള്ള സഹായം നൽകുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുക്രെയ്‌നിനല്ലാതെ മറ്റാർക്കും അവരുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കില്ല” അദ്ദേഹം പറഞ്ഞു.








