പാലക്കാട്: ഭർത്താവിന്റെ പേരിലുള്ള ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് തട്ടിയെടുത്തെന്ന പരാതിയുമായി ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മ. അഗളി സ്വദേശിയായ സ്വകാര്യവ്യക്തിയ്‌ക്കെതിരെയാണ് നഞ്ചിയമ്മ പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കി പ്രതിഷേധിക്കുകയാണ് നഞ്ചിയമ്മ.
വ്യാജ നികുതി രസീത് ഉപയോഗിച്ച് വ്യാജ ഭൂമി സ്വകാര്യ വ്യക്തി സ്വന്തം പേരിലാക്കി എന്നാണ് നഞ്ചിയമ്മ പറയുന്നത്. പിന്നീട് ഈ സ്ഥലം മറ്റൊരാൾക്ക് വിൽപ്പന നടത്തി. മിച്ചഭൂമി കേസും ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി ഇയാൾ മറ്റൊരാൾക്ക് വിൽപ്പന നടത്തിയത് എന്നും നഞ്ചിയമ്മ വ്യക്തമാക്കുന്നു.
ഭൂമി കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ഇതേ ഭൂമിയിൽ കൃഷിയിറക്കാൻ കഴിഞ്ഞ ദിവസം നഞ്ചിയമ്മയും ബന്ധുക്കളും എത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. ഇതോടെ നഞ്ചിയമ്മ പ്രതിഷേധം ശക്തമാക്കി.
അതേസമയം സ്വകാര്യ വ്യക്തി വ്യാജരേഖയുണ്ടാക്കിയതായി വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചായിരുന്നു ഭൂമി കയ്യേറ്റം. അടിസ്ഥാന രേഖ വ്യാജമാണെന്നാണ് വില്ലേജ് ഓഫീസറുടെ സ്ഥിരീകരണം.
Discussion about this post