ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ ഭ്രമണം മന്ദഗതിയിൽ ആക്കുന്നതായി പഠനം. സ്വിറ്റ്‌സർലാന്റിലെ ഇടിഎച്ച് സുറിച്ച് സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഭ്രമണം മന്ദഗതിയിൽ ആകുന്ന പശ്ചാത്തലത്തിൽ ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും.
സർവ്വകലാശാലയിലെ പ്രൊഫ. ബെനഡിക്റ്റ് സോജയുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പഠനം നേച്വർ ജിയോസയൻസിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ ജലം ഭൂമദ്ധ്യരേഖയിൽ എത്തുന്നു. ഇങ്ങിനെയെത്തുമ്പോൾ ഇത് ഭൂമിയുടെ പിണ്ഡത്തിൽ മാറ്റം ഉണ്ടാക്കുന്നു. ഇതാണ് ഭൂമിയുടെ കറക്കം മന്ദഗതിയിൽ ആക്കുന്നത് എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സാധാരണയായി ചന്ദ്രനിൽ ഉണ്ടാകുന്ന വേലിയേറ്റം ആണ് ഭൂമിയുടെ കറക്കം മന്ദഗതിയിൽ ആക്കുക. ഇതേ തുടർന്ന് പകലുകളുടെ ദൈർഘ്യം വർദ്ധിക്കുകയും ചെയ്യും. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ ചന്ദ്രന്റെ അന്തരീക്ഷത്തെ ബാധിച്ചിട്ടുണ്ടെന്നും പഠനത്തിൽ ഉണ്ട്.
അതേസമയം ഭൂമിയുടെ കറക്കം മന്ദഗതിയിൽ ആകുന്നതിൽ ആശങ്കവേണ്ടെന്നും ഗവേഷകർ പറയുന്നു. നമ്മുടെ നിത്യജീവിതത്തെ ഇത് സാരമായ രീതിയിൽ ബാധിക്കുകയില്ല. എന്നാൽ സമീപഭാവിയിൽ ഇത് തിരിച്ചറിയുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Discussion about this post