യുകെ സ്വപ്‌നം കാണുന്ന ഇന്ത്യക്കാർക്കിതാ ഒരു സുവർണാവസരം.ഇന്ത്യക്കാർക്ക് യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷനൽസ് സ്‌കീം വീസ അപേക്ഷ ആരംഭിച്ചു.യുകെ സർക്കാർ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷം വരെ യുകെയിൽ താമസം, പഠനം, ജോലി കണ്ടെത്തൽ മുതലായ കാര്യങ്ങൾക്ക് അനുവാദം ലഭിക്കും. 18 നും 30 നും ഇടയിൽ പ്രായമുള്ള ബിരുദം ഉള്ള ഇന്ത്യൻ പൗരന്മാർക്കുള്ളതാണിത്. യുകെയിൽ അവരുടെ ചെലവുകൾ നടത്തുന്നതിനായി 2,530 പൗണ്ട് (ഏകദേശം 2,66,000 ഇന്ത്യൻ രൂപ) ബാങ്ക് അക്കൗണ്ടിൽ ബാലൻസ് തുക ഉണ്ടായിരിക്കണം.
യങ് പ്രൊഫഷനൽ സ്‌കീമിലേക്ക് യോഗ്യത നേടുവാൻ അപേക്ഷകർക്ക് അവരുടെ കൂടെ താമസിക്കുന്നതോ അല്ലെങ്കിൽ അവർ ചെലവ് വഹിക്കേണ്ടുന്നതായിട്ടോ ഉള്ള 18 വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾ ഉണ്ടായിരിക്കരുത്. യുകെയിൽ തുടർച്ചയായി 28 ദിവസമെങ്കിലും അവരുടെ ചെലവ് വഹിക്കാൻ മതിയായ തുക നീക്കിയിരിപ്പും ഉണ്ടായിരിക്കണം. വീസക്കായി അപേക്ഷിക്കുന്നതിന് മുൻപായി അപേക്ഷകർ ഇന്ത്യ യങ് പ്രൊഷനൽസ് സ്‌കീം ബാലറ്റിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കണം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് gov.uk വെബ്‌സൈറ്റിൽ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റിൽ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1:30 വരെയാണ്.അപേക്ഷകന് ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അപേക്ഷകർ ഇന്ത്യ യങ് പ്രൊഫഷനൽസ് സ്‌കീം ബാലറ്റിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം. ഈ സ്‌കീമിലോ അല്ലെങ്കിൽ യൂത്ത് മൊബിലിറ്റി സ്‌കീമിന് കീഴിലോ ഇതിനകം യുകെയിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ വീസക്ക് അർഹതയില്ല
Discussion about this post