ലഖ്‌നൗ: ഉത്തർപ്രദേശ് ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി നാല് മരണം. ചണ്ഡിഗഡ് -ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. 25 ഓളം പേർക്ക് പരിക്കേറ്റു. ചണ്ഡിഗഡിൽ നിന്നും വരികയായിരുന്ന ട്രെയിൻ യുപിയിലെ ജിലാഹി റെയിൽവേ സ്‌റ്റേഷനും ഗോസായ് ദിഹ്‌വയ്ക്കും ഇടയിൽ വച്ചാണ് അപകടത്തിൽ പെട്ടത്.
നാല് എസി കോച്ചുകൾ ഉൾപ്പെടെ 12 കോച്ചുകളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും അദ്ദേഹം എക്‌സിൽ കുറിച്ചു.
ജില്ലാ മജിസ്‌ട്രേറ്റും ഗോണ്ട പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാല് സംസ്ഥാന ദുരന്തനിവാരണ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടതായും റെയിൽവേ സിപിആർഒ പങ്കജ് സിംഗ് അറിയിച്ചു.
Discussion about this post