കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് ദിവസമായി പെട്ട് മലയാളി ഡ്രൈവർ പെട്ടുകിടക്കുകയാണ്. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽ പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ ലോറി മണ്ണിനടിയിലാണ് കിടക്കുന്നത്. എന്നാൽ അർജുന്റെ ഫോൺ ഇടയ്ക്കിടെ റിംഗ് ചെയ്യുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
ഇന്ന് കുറച്ച് നേരം മുൻപ് വിളിച്ചപ്പോൾ അർജുന്റെ ഫോൺ റിംഗ് ചെയ്‌തെന്ന് കുടുംബം പറഞ്ഞു. രണ്ടാമത്തെ ഫോണിൽ ചാർജ് ഉണ്ടെന്നാണ് കരുതുന്നത്. എന്നാൽ അർജുൻ പ്രതികരിച്ചിട്ടില്ല. രണ്ട് ഫോണുകളാണ് അർജുനുള്ളത്. ഇതിൽ ആദ്യത്തേത് നേരത്തെ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് റിംഗ് ചെയ്തപ്പോൾ അത് സ്വിച്ച് ഓഫ് ആയി. ഇന്ന് രാവിലെ വീണ്ടും ഇതേ നമ്പറിലേക്ക് വിൡച്ചപ്പോൾ വീണ്ടും റിംഗ് ചെയ്തുവെന്ന് കുടുംബം പറഞ്ഞു. അർജുൻ ഫോൺ ഓഫ് ആക്കി ഓൺ ആക്കിയതാണോ എന്നാണ് കുടുംബത്തിന്റെ സംശയം.
അതേസമയം അർജുൻ നാല് ദിവസമായി കുടുങ്ങിക്കിടക്കുന്ന വിവരം ഇന്നാണ് അറിയുന്നതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. കർണാടക ഗതാഗത മന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. രണ്ട് ദിവസമായി വിവരങ്ങൾ വന്നിട്ടില്ല എന്നത് ദൗർഭാഗ്യകരമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നാവികസേനയെ എത്തിയശേഷം രക്ഷാപ്രവർത്തനം ആരംഭിക്കും. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവർത്തനവും ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
Discussion about this post