വില എത്ര കൂടിയെന്ന് പറഞ്ഞാലും മനുഷ്യനെ മോഹിപ്പിക്കുന്ന മഞ്ഞ ലോഹമാണ് സ്വർണം. ഇത്തിരി പൊന്നെങ്കിലും വീട്ടിൽ വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികളിൽ അധികവും. സുരക്ഷിത നിക്ഷേപമെന്ന രീതിയിലാണ് പലരും സ്വർണത്തെ കാണുന്നത്.
വീടുകളിൽ സൂക്ഷിക്കാവുന്ന സ്വർണത്തിനു പരിധിയുണ്ടോ?ഓരോ വ്യക്തിക്കും എത്ര സ്വർണം കൈവശം വയ്ക്കാമെന്നത് സംബന്ധിച്ച് രാജ്യത്ത് വ്യക്തമായ നിയമങ്ങളുണ്ട്. വിവാഹിതരായ സ്ത്രീകൾ, അവിവാഹിതരായ സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ ഓരോരുത്തർക്കും സൂക്ഷിക്കാൻ കഴിയുന്ന സ്വർണത്തിന്റെ അളവിൽ വ്യത്യാസമുണ്ട്. പാരമ്പര്യമായി കൈമാറ്റം ചെയ്യുന്ന സ്വർണവും കൈവശം വയ്ക്കുമ്പോൾ മതിയായ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരമാവധി അളവ് സ്വർണത്തേക്കാൾ കൂടുതലുണ്ടെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ കൂടുതലുള്ള സ്വർണത്തിന്റെ കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് മാത്രം. സ്വർണം വാങ്ങിയതിന്റെ ഇൻവോയ്‌സും വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള വിവരങ്ങളുമാണ് രേഖകളായി നൽകേണ്ടി വരിക.
വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം (അര കിലോ) സ്വർണം രേഖകളില്ലാതെ വീട്ടിൽ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്കാണെങ്കിൽ ഇതിന്റെ നേർ പകുതിയേ സൂക്ഷിക്കാൻ കഴിയൂ. അതായത് 250 ഗ്രാം (കാൽ കിലോ). പുരുഷനാണെങ്കിൽ കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവ് 100 ഗ്രാം മാത്രമാണ്. ഒരു കുടുംബത്തിൽ ഭാര്യയ്ക്കും ഭർത്താവിനും കൂടെ 600 ഗ്രാം സ്വർണം നിയമപരമായി സൂക്ഷിക്കാം. നേരത്തെ പറഞ്ഞ ക്രമത്തിൽ ഓരോ കുടുംബത്തിലേയും ആളുകളുടെ എണ്ണമനുസരിച്ചുള്ള വ്യത്യാസം അനുസരിച്ച് സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവിൽ മാറ്റമുണ്ടാവും.
രേഖകളുടെ പിൻബലമുണ്ടെങ്കിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിട്ടില്ല. രേഖകൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതലുള്ള സ്വർണം ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കാനാവും.
സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, അതിന് നികുതിയില്ല. മാത്രമല്ല, നിശ്ചിത പരിധിക്കുള്ളിൽ കണ്ടെത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുക്കാൻ അധികൃതർക്ക് കഴിയില്ല.
സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിന് നികുതി നൽകേണ്ടതില്ലെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അതിന് നികുതി നൽകണം. കൂടാതെ, 3 വർഷത്തേക്ക് സ്വർണം കൈവശം വച്ചതിന് ശേഷം വിൽക്കുകയാണെങ്കിൽ, ലാഭം ദീർഘകാല മൂലധന നേട്ടത്തിന് (LTCG) വിധേയമായിരിക്കും. അതിന്റെ നിരക്ക് 20 ശതമാനമാണ്.
Discussion about this post