മലപ്പുറം : പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്തെ 2 പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
നിയന്ത്രണമുള്ള പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഞായറാഴ്ച മദ്രസകളും ട്യൂഷൻ സെന്ററുകളും പ്രവർത്തിപ്പിക്കരുത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെങ്കിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ജൂലൈ 10നാണ് പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് പനി ബാധിച്ചത്. ജൂലൈ 12ന് സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. തുടർന്ന് ഭേദമാകാതിരുന്നതോടെ 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ജൂലൈ 15ന് കുട്ടിയെ ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പെരിന്തൽമണ്ണയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ നിന്നും നിപ സൂചന ലഭിച്ചതിനെത്തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post