ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് അവതരണത്തിനായി കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. രാവിലെ പത്ത് മണിയോടെയായിരുന്നു നിർമ്മലാ സീതാരാമൻ സഹമന്ത്രിയ്‌ക്കൊപ്പം പാർലമെന്റിൽ എത്തിയത്. രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരണം.
രാഷ്ട്രപതി ഭവനിലെത്തി നിർമ്മലാ സീതാരാമൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. ഇതിന് ശേഷമായിരിക്കും സഭയിൽ എത്തുക. വിവിധ മേഖലകളിൽ നിർണായക പ്രഖ്യാപനങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.
തുടർച്ചയായ ഏഴാം തവണയാണ് നിർമ്മലാ സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കാർഷിക മേഖലയിൽ ഉൾപ്പെടെ നിർണായക പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നികുതിയളവും പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post