ബീജിംഗ്:രാജ്യത്തെ മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയർത്താൻ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം.ജനതയ്ക്ക് പ്രായമേറുന്നത് പരിഗണിച്ചാണ് നിർണായക തീരുമാനം. ചൈനയിലെ ആയുർദൈർഘ്യം നിലവിൽ അമേരിക്കയേക്കാൾ ഉയർന്ന നിലയിലാണുള്ളത്. 1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് 36 വയസ് ശരാശരി ആയുർദൈർഘ്യമുണ്ടായിരുന്ന ചൈനയിൽ നിലവിൽ ആയുർ ദൈർഘ്യം 78 വയസാണ്.വിരമിക്കൽ പ്രായം പടിപടിയായി 65 ആക്കി ഉയർത്താനാണ് തീരുമാനം.
നിലവിൽ ഉയർന്ന ഉദ്യോഗങ്ങളുള്ള പുരുഷന്മാർക്ക് 60 വയസിലും സ്ത്രീകൾക്ക് 55 വയസിലുമാണ് ചൈനയിൽ വിരമിക്കൽ പ്രായം. അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് 50 വയസാണ് വിരമിക്കൽ പ്രായം. ഇത്തരമൊരു വിഷയത്തിൽ വിവേകത്തോടെ നയം രൂപീകരിക്കുന്നതിന് സർക്കാർ കർശനമായ പഠനങ്ങളും വിശകലനങ്ങളും നടത്തുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ലി ക്വിയാങ് തിങ്കളാഴ്ച പറഞ്ഞു. 2035 ആകുമ്പോഴേക്കും 60 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ എണ്ണം 280 ദശലക്ഷത്തിൽ നിന്ന് 400 ദശലക്ഷമായി ഉയരുമെന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കണക്കുകൂട്ടുന്നത്. ബ്രിട്ടണിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും നിലവിലെ ജനസംഖ്യയ്ക്ക് തുല്യമാണ് ഇത്. എന്നാൽ രാജ്യത്തിലെ ജനനനിരക്കാവട്ടെ തുലോം കുറവാണുതാനും.
ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത് വന്നത്.
Discussion about this post