ഉത്തർപ്രദേശിൽ വൻ മതപരിവർത്തന റാക്കറ്റിന് നേതൃത്വം നൽകിയ കേസിൽ പിടിയിലായ ജമാലുദ്ദീൻ എന്ന ചങ്ങൂർ ബാബയെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി. റാക്കറ്റിൽ പ്രധാന പങ്കു വഹിച്ചതായി ആരോപിക്കപ്പെടുന്ന നസ്രീൻ എന്നറിയപ്പെടുന്ന നീതുവിനെയും കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചങ്ങൂർ ബാബയുടെ സ്ത്രീ സുഹൃത്താണ് ഇവർ.ജൂലൈ 10 മുതൽ 16 വരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് ഇരുവരെയും കസ്റ്റഡിയിൽ ലഭിക്കും.
ഗുണ്ടാ നിയമപ്രകാരം ചങ്ങൂർ ബാബയ്ക്കെതിരെ പൊലീസ് നടപടിയെടുക്കും. സ്വത്തുക്കൾ കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. യു പി പൊലീസ് പ്രതികൾക്കെതിരായ നടപടികൾ ശക്തമാക്കുകയും ബൽറാംപൂരിലെ അദ്ദേഹത്തിന്റെ 70 മുറികളുള്ള ആഡംബര മാളികയുടെ ഭാഗങ്ങൾ തകർക്കുകയും ചെയ്തു.മാളികയുടെ 40 മുറികളുള്ള ഭാഗം ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതപരിവർത്തനത്തിലൂടെ സ്വന്തമാക്കിയ പണംകൊണ്ട് നിർമിച്ചതാണ് ഈ മന്ദിരമെന്നാണ് ആരോപണം.
ബൽറാംപൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിൽ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2015 ൽ, ഭർത്താവ് നവീൻ ഘനശ്യാം റോഹ്റയ്ക്കൊപ്പം അവർ ദുബായിലേക്ക് പോയി. ഈ യാത്രയിൽ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. നീതു തന്റെ പേര് നസ്രീൻ എന്നും നവീൻ ജമാലുദ്ദീൻ എന്നും മാറ്റി. പിന്നീട്, 2021 ൽ, നവീന്റെ മുഴുവൻ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു.
നീതു താമസിയാതെ ചങ്ങൂർ ബാബയുടെ അടുത്ത സഹായിയായി മാറുകയും മതപരിവർത്തന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സഹായം വാഗ്ദാനം ചെയ്തും ബാബ ചെയ്തതായി കരുതപ്പെടുന്ന ‘അത്ഭുതങ്ങളെക്കുറിച്ച്’ സംസാരിച്ചും ദരിദ്രരായ ഹിന്ദു കുടുംബങ്ങളുമായി, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
Discussion about this post