റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ റഷ്യയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു.57ഇ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ച ഇന്ത്യയുടെ പരിഗണനയിലാണ്. യുദ്ധവിമാനം ഇന്ത്യയിൽ നിർമ്മിക്കാനുള്ള അവകാശവും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
അടിയന്തരമായി 20 യുദ്ധവിമാനങ്ങൾ നേരിട്ട് റഷ്യയിൽനിന്ന് വാങ്ങാനും ബാക്കി സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കാനുമാകും ഉദ്ദേശിക്കുന്നത്. വ്യോമസേനയ്ക്ക് 42 സ്‌ക്വാഡ്രൺ ആണ് വേണ്ടത്. നിലവിൽ 31 സ്‌ക്വാഡ്രൺ എന്ന നിലയിലാണ് വ്യോമസേന
ഇന്ത്യയ്ക്ക് എസ് യു 57-ഇയുടെ സാങ്കേതികവിദ്യ കൈമാറാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിൽ നിർമിക്കാനുള്ള ലൈസൻസും നൽകും. അങ്ങനെയെങ്കിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള എസ് യു 30 എംകെഐയുടെ നിർമാണ കേന്ദ്രത്തിൽവെച്ച് എസ് യു-57 ഇ നിർമിക്കാനാകും. ഇതിനൊപ്പം യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും നൽകാമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. അങ്ങനെ ലഭ്യമായാൽ ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ച ആയുധങ്ങളും റഡാറുകളും എവിയോണിക്സും മറ്റും വിമാനത്തിൽ ഉൾപ്പെടുത്താനും സാധിക്കും.
അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ വിഭാഗത്തിൽ വരുന്ന ഇരട്ട എൻജിൻ വിമാനമായ എസ്.യു 57 ഇ ലോകത്തെ അത്യാധുനിക യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ്. റഷ്യയുടെ സുഖോയ് വികസിപ്പിച്ചെടുത്ത സുഖോയ് എസ്.യു 57ഇ വിമാനം 2010ൽ പരീക്ഷിക്കുകയും 2020ൽ റഷ്യൻ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്തു. 1,500 കിലോമീറ്റർ വരെ ആക്രമണം നടത്താനാകുന്ന വിമാനത്തിന് 10 ടൺ വരെ ഭാരം വഹിക്കാനാകും. റഡാറിന്റെ കണ്ണിൽപെടാനുള്ള സാധ്യത കുറഞ്ഞ സ്റ്റെൽത്ത് വിഭാഗത്തിലുള്ള എസ്.യു 57ന് ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന എസ്എച്ച്121 റഡാർ സംവിധാനമാണുള്ളത്. അതേസമയം, റഡാർ കണ്ണിൽപെടാനുള്ള സാധ്യത എഫ്35 അടക്കമുള്ള വിമാനങ്ങളേക്കാൾ കൂടുതലാണെന്ന വിലയിരുത്തലുകളുമുണ്ട്. ലോക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചതാണ് യുഎസിന്റെ എഫ്35. ഒറ്റ എൻജിൻ, സിംഗിൾ സീറ്റ് സ്റ്റെൽത്ത് വിമാനമായ എഫ്35ന് 8,000 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും 1,200 കിലോമീറ്റർ ദൂരപരിധിയുമാണുള്ളത്. 11 കോടി ഡോളറാണ് ഒരു എഫ്35 വിമാനത്തിന്റെ വില. സുഖോയ് എസ്.യു 57ന് എട്ടു കോടിയും.
Discussion about this post