ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സാധാരണക്കാർക്കായി വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു.
സൗരോർജം പ്രയോജനപ്പെടുത്തി സാധാരണ കുടുംബങ്ങൾക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം നൽകുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി സൂര്യോദയ യോജനയുടെ ഭാഗമായ ഈ സൗരോർജ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി അനുവദിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. വൈദ്യൂതി നിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയിൽ 1.28 കോടി രജിസട്രേഷനും 14 ലക്ഷം അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതിക്ക് മികച്ച പ്രതികരണമാണ് നേരത്തെയും ലഭിച്ചിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ 15,000 രൂപ മുതൽ 18,000 രൂപ വരെയാണ് കുടുംബങ്ങൾക്ക് പ്രതിവർഷം ലാഭിക്കാൻ സാധിക്കുക. സോളാർ പദ്ധതിക്ക് കീഴിൽ ഒരു കിലോവാട്ടിന് 9,000 രൂപ മുതൽ 18,000 രൂപ വരെയാണ് വീട്ടുടമകൾക്ക് സബ്സിഡി നൽകുന്നത്.
പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ രാജ്യത്തെ ഒരു കോടി ഭവനങ്ങളുടെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും പാവപ്പെട്ട, ഇടത്തരം വരുമാനമുളള കുടുംബങ്ങളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കുക. ഇവരുടെ വൈദ്യുതി ബില്ലിന്റെ ഭാരം ലഘൂകരിക്കുകയും അതിലൂടെ കൂടുതൽ വരുമാനം കൈകളിൽ നിലനിർത്താനും ലക്ഷ്യമിടുന്നു.











Discussion about this post