ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഫിറ്റ്നസ് വിപ്ലവം കൊണ്ടുവന്ന മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃപാടവത്തെയും അച്ചടക്കത്തെയും പ്രശംസിച്ച് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ രംഗത്തെത്തി. സോണി സ്പോർട്സ് ചാനലിൽ സംസാരിക്കവെയാണ് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ശൈലിയെക്കുറിച്ചും ഡ്രസ്സിംഗ് റൂമിലെ സ്വാധീനത്തെക്കുറിച്ചും രഹാനെ മനസ്സ് തുറന്നത്.
ഫിറ്റ്‌നസിന്റെയോ ഭക്ഷണക്രമത്തിന്റെയോ കളിക്കളത്തിലെ വീര്യത്തിന്റെയോ കാര്യത്തിൽ വിരാട് കോഹ്‌ലി ഒരിക്കലും സഹതാരങ്ങളെ ഒന്നിനും നിർബന്ധിച്ചിട്ടില്ലെന്നും, മറിച്ച് അദ്ദേഹം സ്വയം അതെല്ലാം പ്രാവർത്തികമാക്കി എല്ലാവർക്കും മുൻപിൽ നിന്ന് മാതൃക കാണിക്കുകയായിരുന്നുവെന്നും രഹാനെ വ്യക്തമാക്കി .ടീമിലെ ഓരോ കളിക്കാരനും സ്വയം മെച്ചപ്പെടാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സ്വയം സമർപ്പണം നടത്തിയ നേതാവായിരുന്നു കോഹ്‌ലി എന്ന് രഹാനെ ഓർത്തെടുത്തു.
2014-ൽ അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടി കോഹ്‌ലി കാണിച്ചുതന്ന പോരാട്ടവീര്യവും മനോഭാവവും ഇന്ത്യൻ ടീമിന്റെ സമീപനത്തെത്തന്നെ മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ വാക്കുകളേക്കാൾ ഉപരി സ്വന്തം പ്രവൃത്തികൾ കൊണ്ടാണ് കോഹ്‌ലി ടീമിനെ പ്രചോദിപ്പിച്ചിരുന്നതെന്നും, മറ്റുള്ളവരോട് ആവശ്യപ്പെടുന്നതിന് മുൻപ് സ്വയം അക്കാര്യങ്ങൾ പൂർണ്ണതയോടെ ചെയ്ത് കാണിച്ച് താരം എപ്പോഴും മുന്നിൽ നിന്ന് തന്നെ നയിക്കുകയായിരുന്നുവെന്നും രഹാനെ കൂട്ടിച്ചേർത്തു.












