സാമ്പത്തിക നേട്ടത്തിനായി മുതിർന്ന പുരുഷന്മാരെ താൽക്കാലിക വിവാഹം കഴിച്ച് വിഷം കൊടുത്തു കൊലപ്പെടുത്തിയ ഇറാന്റെ ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന കുൽസൂം അക്ബറിക്ക് (56) വധശിക്ഷ വിധിച്ചു. കുറഞ്ഞത് 10 മുതൽ 15 വരെ ഭർത്താക്കന്മാരെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇവർക്ക് 10 വധശിക്ഷയാണ് വിധിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി ആരുടേയും സംശയത്തിനിടയാക്കാതെ തുടർന്ന കൊലപാതക പരമ്പരകളാണ് ഒടുവിൽ വെളിച്ചത്തുവന്നത്.
ഇറാനിലെ നിയമപ്രകാരം നിശ്ചിത സമയത്തേക്ക് മാത്രം സാധുതയുള്ള ‘സിഗെ’ (Sigheh) എന്ന താൽക്കാലിക വിവാഹ സംവിധാനമാണ് കുൽസൂം കൊലപാതകങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന സമ്പന്നരായ വയോധികരെ കണ്ടെത്തി വിവാഹം കഴിച്ച ശേഷം, ഇവർക്ക് രക്തസമ്മർദ്ദ ഗുളികകളും മറ്റ് മരുന്നുകളും അളവിൽ കൂടുതൽ പാനീയങ്ങളിൽ കലർത്തി നൽകി ബോധരഹിതരാക്കും. തുടർന്ന് തലയിണയോ ടവലോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരുന്നത്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർത്ത് അവരുടെ സ്വത്തും പണവും സ്വർണ്ണവും കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.
വ്യത്യസ്ത നഗരങ്ങളിൽ വെച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയിരുന്നത് എന്നതിനാൽ വർഷങ്ങളോളം പോലീസിന് ഇവരെ സംശയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2023-ൽ 82 വയസ്സുള്ള ഗുലാംറേസ ബാബായി എന്ന അന്നത്തെ ഭർത്താവിന്റെ ദുരൂഹ മരണമാണ് കുൽസൂമിനെ കുടുക്കിയത്. കുൽസൂം തനിക്ക് നിരന്തരം നിർബന്ധിച്ച് മരുന്നുകൾ നൽകുന്നുണ്ടെന്നും താൻ ബോധരഹിതനായി വീഴുകയാണെന്നും മരണത്തിന് തൊട്ടുമുമ്പ് ഇയാൾ മക്കളോട് പറഞ്ഞിരുന്നു. പിതാവിന്റെ മരണ ശേഷം മക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിപ്പെട്ടത്.
ചോദ്യം ചെയ്യലിൽ താൻ എത്ര പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കൃത്യമായി ഓർമയില്ലെന്നും അത് ചിലപ്പോൾ 13 അല്ലെങ്കിൽ 15 പേർ കാണുമെന്നുമാണ് കുൽസൂം പൊലീസിനോട് പറഞ്ഞത്. പത്ത് ഇരകളുടെ കുടുംബങ്ങൾ വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഒരു കുടുംബം നഷ്ടപരിഹാര തുക സ്വീകരിക്കാൻ തയാറായി. വധശിക്ഷ ഉറപ്പായതോടെ തൂക്കിലേറ്റപ്പെടാൻ കാത്തിരിക്കുകയാണ് ഇറാന്റെ ഈ ക്രൂരയായ പരമ്പരക്കൊലയാളി.












