പെരിന്തൽമണ്ണ: രണ്ടു കേസുകളിലായി 17 ഗ്രാമോളം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. പെരിന്തൽമണ്ണ ടൗണിലെ ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ് ലഹരിവിൽപ്പനയിലെ കണ്ണികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസ് (28), പന്തല്ലൂർ സ്വദേശി മുട്ടങ്ങാടൻ മുഹമ്മദ് ഷിബിൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ പെരിന്തൽമണ്ണ ടൗണിലെ ഓട്ടോഡ്രൈവറാണ് തന്റെ ഓട്ടോയിൽ ഒരാൾ ബാഗ് മറന്നു വച്ചതായി പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയത്.
പരിശോധനയെ തുടർന്ന് ബാഗിൽ നിന്നും തിരിച്ചറിയൽ രേഖകളും ലഹരിമരുന്നിന്റെ പായ്ക്കറ്റുകളും ലഭിച്ചു. ഓട്ടോഡ്രൈവറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോയിൽ യാത്രചെയ്ത മുഹമ്മദ് അനീസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ലോഡ്ജ് പരിസരത്ത് നിന്നും മുഹമ്മദ് ഷിബിലിനെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ മുഹമ്മദ് അനീസും മുഹമ്മദ് ഷിബിലും എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി ടൗണുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നവരാണ് എന്ന് മനസിലായി . സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു.
Discussion about this post