ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വീണ്ടും നിർണായക നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒ. വീണ്ടും നടന്ന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി. രണ്ടാംവട്ട പരീക്ഷണം ആയിരുന്നു വിജയത്തിൽ കലാശിച്ചത്.
ബുധനാഴ്ചയായിരുന്നു ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം. ഒഡീഷയിലെ ചാന്ദിപൂരിൽ നിന്നായിരുന്നു പരീക്ഷിച്ചത്. 5000 കിലോ മീറ്റർ ദൂരെയുള്ള ലക്ഷ്യം കൃത്യമായി ഭേദിച്ചുകൊണ്ടായിരുന്നു മിസൈൽ കരുത്ത് തെളിയിച്ചത്. ലക്ഷ്യമിട്ടിരുന്ന മുഴുവൻ ആവശ്യങ്ങളും പൂർത്തീകരിക്കാൻ പരീക്ഷണ വേളയിൽ മിസൈലിന് കഴിഞ്ഞു.
കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന മിസൈലുകൾ ആണ് ഇവ. ആഴ്ചകൾക്ക് മുൻപായിരുന്നു ഈ മിസൈലിന്റെ ആദ്യവട്ട പരീക്ഷണം നടന്നത്. ആദ്യ ഘട്ടത്തിൽ ദീർഘ ദൂരപരിധിയുള്ള സെൻസറുകളുടെയും, ആശയവിനിമ സംവിധാനങ്ങളുടെയും കൃത്യത ആയിരുന്നു പ്രധാനമായും പരിശോധിച്ചിരുന്നത്. രണ്ടാംഘട്ടത്തിൽ പ്രഹരശേഷിയ്ക്കായിരുന്നു മുൻതൂക്കം. കപ്പലുകളിൽ ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ടായിരുന്നു പരീക്ഷണ വേളയിൽ മിസൈൽ നിരീക്ഷിച്ചിരുന്നത്.
Discussion about this post