തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദപാത്തി രൂപം കൊണ്ടതാണ് കേരളത്തിൽ മഴ വീണ്ടും സജീവമാകാൻ കാരണം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തീരദേശത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കേരള തീരം മുതൽ ഗുജറാത്ത് തീരംവരെയാണ് ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീന ഫലത്താൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. രണ്ട് ദിവസം മത്സ്യബന്ധനത്തിന് നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രി 11.30 മുതൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാം. ഈ സമയങ്ങളിൽ തിരമാല 2.2 മുതൽ 3.4 മീറ്റർവരെ ഉയരത്തിൽ വീശിയടിച്ചേക്കാം. മഴയുടെ സാഹചര്യത്തിൽ കടലിൽ തിരമാലയ്ക്ക് ശക്തികൂടും. അതിനാൽ ബീച്ചിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചു.
Discussion about this post