ചെന്നൈ : തമിഴ്നാട്ടിലെ കന്യാകുമാരിയിൽ വേശ്യാലയം നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ രാജമുരുകൻ ആണ് ഈ ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിനായി ശ്രമിച്ച തനിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് റദ്ദാക്കണമെന്നും അഭിഭാഷകൻ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജി കേട്ട കോടതി അഭിഭാഷകനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നിലവാരമുള്ള കോളേജുകളിൽ നിന്നും ബിരുദം നേടുന്നവരെ മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യിക്കാവൂ എന്ന് ഹർജി നൽകിയ അഭിഭാഷകനെ പരാമർശിച്ച് ജസ്റ്റിസ് ബി പുഗളേന്തി അഭിപ്രായപ്പെട്ടു. ഹർജിക്കാരനായ അഭിഭാഷകന് പതിനായിരം രൂപ പിഴ ചുമത്തിയശേഷം കോടതി ഈ ഹർജി തള്ളി. കൂടാതെ രാജമുരുകനോട് എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, നിയമബിരുദ സർട്ടിഫിക്കറ്റ്, ബാർ അസോസിയേഷൻ അംഗത്വ രേഖ എന്നിവ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കന്യാകുമാരി ജില്ലയിൽ തന്റെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടെന്നും ഇവിടെ 18 വയസ്സിനു മേലെ പ്രായമുള്ളവർക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്നും ആണ് രാജമുരുകൻ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് പ്രത്യേക കൗൺസിലിങ്ങും ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ എണ്ണ തേച്ചു കുളിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ഈ സ്ഥാപനത്തിന് പോലീസ് സംരക്ഷണം നൽകണം എന്നായിരുന്നു രാജമുരുകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
Discussion about this post