വാഷിംഗ്ടൺ : യുഎൻ ആസ്ഥാനത്ത് ഹൈന്ദവ ഗ്രന്ഥമായ രാമചരിതമനസ് പാരായണം ചെയ്യാനൊരുങ്ങി ആത്മീയ ഗുരു മൊരാരി ബാപ്പു. രാമചരിതമനസിന്റെ കാലാതീതമായ പ്രസക്തി ലോകമെമ്പാടുമെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുഎൻ ആസ്ഥാനത്ത് ആദ്യമായി രാമകഥ പാരായണത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ അറുപത്തിയഞ്ച് വർഷത്തിലേറെയായി രാമകഥകൾ പാരായണം ചെയ്യുന്ന ആത്മീയ നേതാവാണ് മൊരാരി ബാപ്പു. ഐക്യരാഷ്ട്രസഭയിൽ വെച്ച് രാമചരിതമനസ് വായിക്കുക എന്നത് തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്നു അദ്ദേഹം വ്യക്തമാക്കി.
സാംസ്‌കാരികവും മതപരവുമായ അതിർവരമ്പുകൾ മറികടക്കുന്ന ആഗോള സന്ദേശമാണ് രാമചരിതമനസ് ലോകത്തിന് മുന്നിലെത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്തിന് അത്യാവശ്യമായ സത്യം, സ്‌നേഹം, അനുകമ്പ എന്നീ മൂല്യങ്ങളെക്കുറിച്ചാണ് രാമചരിതമനസിൽ പറയുന്നത്. ഐക്യരാഷ്ട്രസഭയിൽ രാമകഥ പാരായണം ചെയ്യുന്നത് ദൈവീകമായ കൃപയാണെന്നും ഇത് ആഗോള ഐക്യത്തിലേക്കുള്ള ഒരു ചുവടുവയ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ച് ഒൻപത് ദിവസമാണ് രാമചരിതമനസ് പാരായണം നടക്കുക.
‘വസുധൈവ കുടുംബകം എന്ന് വിളിക്കപ്പെടുന്ന ഈ ലോകത്ത്, സമാധാനത്തിനും പരസ്പര സ്‌നേഹത്തിനും വേണ്ടി നമ്മൾ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. രാമകഥ അവതരിപ്പിക്കുന്നതിലൂടെ, എല്ലാവരുടെയും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. രാമചരിതമനസിന്റെ ഉളളടക്കം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി വളരെയധികം യോജിക്കുന്നു. ആഗോള സഹകരണത്തിന്റെയും അനുകമ്പയുടെയും ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത്,’ അദ്ദേഹം പറഞ്ഞു.
”രാമകഥയിലൂടെ, ആഗോള സാഹോദര്യബോധം വളർത്തിയെടുത്ത് ജനങ്ങളെ ഒന്നിപ്പിക്കുക എന്നതിലാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. രാമായണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന ചരിത്രപ്രസിദ്ധമായ ഈ സംഭവം ഒരു നാഴികക്കല്ലായി മാറും. ലോകത്തിന്റെ സമാധാനത്തിലും ഐക്യത്തിലും ആത്മീയതയ്ക്ക് പ്രത്യേക സ്ഥാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്ക, ഇന്തോണേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, യുകെ, യുഎസ്എ, ബ്രസീൽ, ഓസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലുമായി മൊരാരി ബാപ്പു രാമകഥകൾ വായിച്ചിട്ടുണ്ട്.
Discussion about this post