മുംബൈ: രാജ്യസഭാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഖത്തർ രാജകുടുംബവുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെട്ട യുവാവ് പിടിയിൽ. മുംബൈ ജുഹു സ്വദേശിയായ രവി കാന്ത്(35) ആണ് പിടിയിലായത്. എംപി പ്രഫുൽ പട്ടേൽ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി രാജകുടുംബാംഗത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു ബിസിനസ് ആവശ്യം ഉപയോഗപ്പെടുത്താൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. വാട്‌സ്ആപ്പിന്റെ പ്രൊഫൈൽ ഫോട്ടോ ആയി എംപിയുടെ ചിത്രവും വച്ചിരുന്നു. യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയ പിഎ എംപിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. എംപി ഓഫീസിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ബിസിനസ് ലക്ഷ്യങ്ങൾക്ക് വേണ്ടി രാജകുടുംബാംഗവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും മറ്റ് ഉദ്ദേശങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രതി പോലീസിന് മൊഴി നൽകി. പിതാവ് നടത്തി വന്നിരുന്ന ബിസിനസ് അദ്ദേഹത്തിന്റെ മരണശേഷം തനിക്ക് നോക്കി നടത്താൻ സാധിച്ചില്ല. തുടർന്ന് ബിസിനസിൽ വലിയ നഷ്ടം വന്നു. ഇത് നികത്താനും അസുഖ ബാധിതയായ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും തനിക്ക് പണം ആവശ്യമായിരുന്നെന്നും ഇയാൾ മൊഴി നൽകി.
ഇയാൾക്ക് പണം തട്ടാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ബിസിനസ് ലക്ഷ്യങ്ങൾ നേടുക മാത്രമായിരുന്നു ഉദ്ദേശ്യം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഭാവിയിൽ പണം തട്ടാൻ ലക്ഷ്യമിട്ടിരുന്നോ എന്നതിനെ കുറിച്ചും ന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post