ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മലയിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പ്രതികരണവുമായി കാർവാർ എംഎൽഎ. ഇന്ന് തിരച്ചിൽ നടത്തിയ മൺകൂനയ്ക്ക് താഴെയായി മരങ്ങൾ കണ്ടെത്തിയതായി എംഎൽഎ വ്യക്തമാക്കി. മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മാൽപെ ഇന്ന് നടത്തിയ തിരച്ചിലാണ് മൺകൂനയ്ക്ക് താഴെയായി മരത്തടികൾ കണ്ടെത്തിയതായി കാർവാർ എംഎൽഎ അറിയിച്ചത്.
എന്നാൽ ഇന്ന് നടത്തിയ തിരച്ചിലിലും അർജുൻ ഓടിച്ചിരുന്ന ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കും എന്നും കാർവാർ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഈശ്വർ മാൽപെ ആറിലേറെ തവണ ആഴങ്ങളിലേക്ക് ഡൈവിംഗ് നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ദൗത്യം രാത്രിയിലും തുടരും എന്നാണ് സൂചന. അർജുനെ തിരയുന്ന ദൗത്യത്തിനായി മത്സ്യബന്ധന ബോട്ടുകൾ അടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ശക്തമായ കുത്തൊഴുക്കാണ് ഗംഗാവലി നദിയിൽ ഇന്നും തുടരുന്നത്. ഒഴുക്കുള്ള നദികളിൽ പോലും ഡൈവിംഗ് നടത്തുന്ന ഈശ്വർ മാൽപെ മൂന്നാമത്തെ തവണ വടംപൊട്ടി ഒഴുകിപ്പോവുകയും ചെയ്തിരുന്നു. സൈന്യത്തിന്റെയും നാവികസേനയുടെയും എല്ലാവിധ സഹായങ്ങളോടും കൂടിയാണ് ഈശ്വർ മാൽപെ ഡൈവിംഗ് നടത്തുന്നത്. താഴെയുള്ള ഭാഗത്തായി വലിയ പാറ കണ്ടെത്തിയതായും നേരത്തെ അറിയിച്ചിരുന്നു.
Discussion about this post