തിരുവനന്തപുരം : കേരളത്തിൽ പുതുതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്ക് പോസ്റ്റ് വേണ്ടെങ്കിലും ചിലവ് കൂടും. ഇനിമുതൽ സംസ്ഥാനത്ത് പുതിയ ഇലക്ട്രിക് പോസ്റ്റ് വേണ്ടവർക്കും പോസ്റ്റ് വേണ്ടാത്തവർക്കും ഒരേ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. ഈ രീതി നിലവിൽ വരുന്നതോടെ പുതിയ പോസ്റ്റ് വേണ്ടവർക്ക് പോസ്റ്റിന്റെ പണം നൽകേണ്ട ബാധ്യത ഒഴിവാകും. ഇതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു.
നേരത്തെ വൈദ്യുതി കണക്ഷന് ആവശ്യമായ പോസ്റ്റ്, വയർ തുടങ്ങിയ സാധനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ പുതിയ രീതി പ്രകാരം കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ കണക്ഷനുകൾക്കുള്ള ഫീസ് ഈടാക്കുക. എന്നാൽ കിലോവാട്ടിന് എത്ര രൂപ നിരക്കിൽ ആയിരിക്കും പുതിയ നിരക്ക് ഈടാക്കുക എന്നത് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.
ഇതുവരെ ഇലക്ട്രിക് പോസ്റ്റ് വേണ്ടാത്ത സിംഗിൾ ഫേസ് കണക്ഷനുകൾക്ക് 1800 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ പോസ്റ്റുകൾ കൂടുതൽ വേണ്ട കണക്ഷന് ഓരോ പോസ്റ്റിനും 10,000 രൂപ വീതം ചിലവ് ഈടാക്കിയിരുന്നു. എന്നാൽ പുതിയ രീതി അനുസരിച്ച് പോസ്റ്റുകൾ വേണ്ടവർക്കും വേണ്ടാത്തവർക്കും ഒരേ നിരക്ക് ആയിരിക്കും നൽകേണ്ടി വരിക. നേരത്തെ കെഎസ്ഇബി നടത്തിയ പഠനപ്രകാരം കിലോ വാട്ടിന് 1200 രൂപ നിരക്കിൽ ആയിരിക്കും പുതിയ കണക്ഷനുകൾ നൽകുക എന്നാണ് സൂചന.
Discussion about this post