പാരിസ് : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി കൊണ്ട് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ വെങ്കല മെഡൽ ആണ് മനു നേടിയത്. ഇപ്പോൾ മത്സരശേഷം തന്റെ സന്തോഷം രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കുകയാണ് മനു. താൻ ഭഗവദ് ഗീത ഒരുപാട് വായിക്കുന്ന ആളാണെന്നും ഫൈനൽ മത്സരത്തിലെ അവസാന നിമിഷങ്ങളിൽ എല്ലാം തന്നെ മനസ്സിൽ ഗീതയിൽ കൃഷ്ണൻ അർജുനന് നൽകിയ ഉപദേശങ്ങൾ ആയിരുന്നു എന്നും മനു ഭാക്കർ വ്യക്തമാക്കി.
“ലക്ഷ്യത്തെക്കുറിച്ച് ഞാൻ സത്യത്തിൽ ആലോചിച്ചിരുന്നില്ല. ഞാൻ ചെയ്യുന്ന കർമ്മം ഭംഗിയായി നിറവേറ്റുക എന്നത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ആ കർമ്മത്തിന്റെ ഫലം എന്തുതന്നെയായാലും അത് ഭഗവാൻ നൽകുന്നതാണ്. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക എന്ന് കൃഷ്ണൻ അർജുനന് നൽകിയ ഉപദേശം ആയിരുന്നു മത്സരത്തിലെ അവസാന നിമിഷങ്ങളിൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ” എന്നും മനു ഭാക്കർ വ്യക്തമാക്കി.
2018 ഐഎസ്എസ്എഫ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണമെഡലുകൾ നേടിയിട്ടുള്ള താരമാണ് 22 കാരിയായ മനു ഭാക്കർ. ഐഎസ്എസ്എഫ് ലോകകപ്പിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി കൂടിയാണ് മനു . 2018 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ 16 വയസ്സുള്ളപ്പോൾ ആണ് മനു സ്വർണ്ണ മെഡൽ നേടിയിരുന്നത്. ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇഷാ സിംഗ് , റിഥം സാങ്‌വാൻ എന്നിവർക്കൊപ്പം ഇന്ത്യക്കായി സ്വർണ്ണം നേടിയ ടീമിലും മനു ഉണ്ടായിരുന്നു.
Discussion about this post