എറണാകുളം : മൂവാറ്റുപുഴ നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരമുറി വേണമെന്ന് ആവശ്യപ്പെട്ട് നടന്ന എസ്എഫ്ഐ-എംഎസ്എഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി മഹല്ല് കമ്മിറ്റികൾ. നിർമ്മല കോളേജ് മാനേജ്മെന്റുമായി ചർച്ച നടത്തിയ ശേഷം മഹല്ല് കമ്മിറ്റികൾ ഖേദപ്രകടനം നടത്തി. മൂവാറ്റുപുഴയിലെ രണ്ടു മഹല്ല് കമ്മിറ്റി പ്രതിനിധികൾ ആയിരുന്നു കോളേജ് മാനേജ്മെന്റുമായി ചർച്ച നടത്തിയത്.
പ്രാർത്ഥനകൾക്കും ആചാരങ്ങൾക്കുമായി നിർദിഷ്ട രീതികളാണ് ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. നിർമ്മല കോളേജിൽ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങൾ ആണ്. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്നും തെറ്റായ ലാഞ്ചനകൾ ഉണ്ടാകുമ്പോൾ അതു മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണം എന്നും മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലെത്തീഫ് അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി നിസ്കാര മുറി അനുവദിക്കാൻ കഴിയില്ലെന്ന് ചർച്ചയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെവിൻ കെ കുര്യാക്കോസ് വ്യക്തമാക്കി. കഴിഞ്ഞ 72 വർഷത്തിനിടയിൽ ഇത്തരത്തിലൊരു ആവശ്യം ആരും ഉയർത്തിയിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം മഹല്ല് കമ്മിറ്റികളുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.
Discussion about this post