പാരിസ് : സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷൂട്ടിംഗ് താരം മനു ഭാക്കർ.
നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്ന മനു ഭാക്കർ ഇപ്പോൾ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം മറ്റൊരു വെങ്കലവും നേടിയതോടെ ആണ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.
1900 ഒളിമ്പിക്സിൽ നോർമൻ പ്രിച്ചാർഡ് ആണ് ഇതിനു മുൻപ് ഒരു ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ നേടിയിരുന്നത്. ഇന്ന് നടന്ന മിക്‌സഡ് ടീം ഇനത്തിൽ ദക്ഷിണ കൊറിയൻ ജോഡികളായ ഓ യെ ജിൻ-ലീ വോൻഹോ എന്നിവരെ 16-10 ന് തോൽപ്പിച്ചാണ് മനു ഭാക്കർ-സരബ്ജോത് സിങ്ങ് ജോഡി ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഞായറാഴ്ച മനു വെങ്കലം നേടിയ വ്യക്തിഗത മത്സരത്തിൽ സ്വർണ്ണം നേടിയിരുന്ന താരമായിരുന്നു ഇന്ന് മനു തോൽപ്പിച്ച ഓ യെ ജിൻ.
10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെറും 0.1 പോയിൻ്റിന് ആണ് മനു ഭാക്കറിന് വെള്ളി മെഡൽ നഷ്‌ടമായിരുന്നത്. അഞ്ച് റൗണ്ടുകൾ വിജയിച്ച കൊറിയൻ ടീമിനെ എട്ട് റൗണ്ട് ഷോട്ടുകൾ വിജയകരമായി നേടിക്കൊണ്ടാണ് മനു ഭാക്കർ-സരബ്ജോത് സിങ്ങ് ജോഡി തോൽപ്പിച്ചത്.
Discussion about this post