ലണ്ടൻ : ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിൽ നടന്ന രാസായുധ ആക്രമണത്തിൽ പ്രതിയായ 73 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ബാത്തിലെ സ്റ്റാൾ സെന്റിൽ സംശയാസ്പദമായ രീതിയിൽ ഒരു ബാഗുമായി വന്ന സ്ത്രീയാണ് ആക്രമണം നടത്തിയിരുന്നത്. സംഭവത്തിൽ രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അജ്ഞാതയായ സ്ത്രീ ഒരു ബാഗുമായി സമീപിച്ചതിന് ശേഷം സമീപത്തുണ്ടായിരുന്ന പലർക്കും കണ്ണുകൾക്ക് ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. അവോൺ ആൻഡ് സോമർസെറ്റ് പോലീസ് പ്രദേശത്താകെ പരിശോധന നടത്തുകയും സമീപത്തെ കടകൾ അടപ്പിക്കുകയും ചെയ്തു. സമീപസ്ഥലത്ത് ഉണ്ടായിരുന്നവരുടെ വസ്ത്രങ്ങൾ നീക്കിയശേഷം പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുള്ള സൂചനയെ തുടർന്നാണ് 73 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവ സമയത്ത് ഇവരുടെ കൈകളിൽ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാസാക്രമണം ഉണ്ടായ പ്രദേശത്ത് നിന്നും രാസവസ്തുക്കളോ അപകടകരമായ വസ്തുക്കളോ ഒന്നും കണ്ടെത്താൻ ആയിട്ടില്ല എന്നാണ് പോലീസ് പരിശോധനയ്ക്ക് ശേഷം അറിയിക്കുന്നത്. അറസ്റ്റിൽ ആയിട്ടുള്ള സ്ത്രീയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post