വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ താൽക്കാലിക ആശുപത്രി സജ്ജീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം പ്രത്യേക യോഗം ചേർന്നു. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും ഒരു ആരോഗ്യപ്രവർത്തകൻ വീതം ചുമതലയിൽ ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലേക്ക് മൊബൈൽ മോർച്ചറികൾ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. വയനാട്ടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നും ഉള്ള പ്രത്യേക ഫോറൻസിക് സംഘത്തെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധങ്ങൾക്കായി പ്രത്യേകം മെഡിക്കൽ ടീമിനെയും ഉരുൾപൊട്ടലുണ്ടായ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
ഉരുൾപൊട്ടലിനെ തുടർന്ന് മരിച്ചവരിൽ ഇതുവരെ 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികളാണ് പൂർത്തീകരിച്ചത്. അധിക മോർച്ചറി സൗകര്യങ്ങളും മൊബൈൽ മോർച്ചറി സൗകര്യങ്ങളും ഒരുക്കി എത്രയും പെട്ടെന്ന് തന്നെ മൃതദേഹ പരിശോധനകൾ പൂർത്തിയാക്കും എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾക്ക് ജനിതക പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post