പാരീസ്: കടുത്ത വിവാദത്തിന് ആക്കം കുറിച്ച് ഒളിമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
മത്സരത്തിൽ 46 സെക്കൻഡ് മാത്രം പോരാടി ഇറ്റാലിയൻ വനിതാ ബോക്‌സിംഗ് താരം പിൻമാറുകയായിരുന്നു. ഇമാനെ ഖലിഫിൽനിന്ന് മൂക്കിന് ശക്തമായ ഇടി കിട്ടിയതിനെത്തുടർന്നാണ് മത്സരത്തിൽനിന്ന് പിന്മാറിയത്.
ലിംഗ യോഗ്യതാ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2023 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ മത്സരത്തിൽനിന്ന് അയോഗ്യത കൽപ്പിച്ചിരുന്നു ഖലിഫിന്. xy ക്രോമസോമുകളുള്ള അത്‌ലറ്റുകളെ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാത്ത അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ ജനിതക പരിശോധനയിൽ പരാജയപ്പെട്ടതിനാലാണ് താരത്തെ അയോഗ്യയാക്കിയത് എന്നാൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കാൻ ഐ.ഒ.സി. അനുമതി നൽകി. ഇതാണ് വലിയ വിവാദത്തിന് കാരണമായത്.
മൂക്കിന് ഇടിയേറ്റതിനെത്തുടർന്ന് കരിനി, പരിശീലകനുമായി മുപ്പത് സെക്കൻഡോളം ചർച്ച നടത്തുകയും തുടർന്ന് റിങ്ങിലെത്തി മത്സരം തുടരാൻ വിസമ്മതിക്കുകയുമായിരുന്നു. കരിയറിൽ നേരിട്ട ഏറ്റവും വലിയ പഞ്ചാണ് ഖലിഫിൽനിന്ന് നേരിട്ടതെന്ന് കരിനി പറഞ്ഞു. ഇടിയെത്തുടർന്ന് മൂക്കിൽനിന്ന് രക്തം വന്നിരുന്നു. കണ്ണീരോടെയാണ് കരിനി മത്സരം ഉപേക്ഷിച്ചുപോയത്.
വിനോദത്തിനായി പുരുഷൻ പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ തല്ലുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ് ഐഒസിയെ വിമർശിച്ച് ജെകെ റൗളിംഗ് എക്‌സിൽ കുറിച്ചത്.
Discussion about this post