വയനാട്: വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 300 ലേക്ക് അടുക്കുന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണം 239 ആയി. വെള്ളാർമല സ്‌കൂളിന് സമീപമാണ് ഊർജ്ജിതമായ തിരച്ചിൽ പുരോഗമിക്കുന്നത്.
ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാലിയാർ പുഴയുടെ ഭാഗമാണ് ഈ പ്രദേശം. സ്ത്രീയുടെ മൃതദേഹം ആണ് ഇവിടെ നിന്നും കണ്ടെടുത്തത്. കല്ലുകൾക്കിടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. പരിസരവാസികൾ നടത്തിയ തിരച്ചിലിൽ ആയിരുന്നു ഇരു മൃതദേഹങ്ങളും കണ്ടെടുത്തത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ട് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മരിച്ചവരിൽ 105 പേരുടെ മൃതദേഹങ്ങൾ ആണ് ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
ഉരുൾപൊട്ടൽ പ്രദേശത്തെ ആറ് സോണുകളായി തിരിച്ചുകൊണ്ടാണ് നിലവിൽ ദൗത്യം പുരോഗമിക്കുന്നത്. ഓരോ സോണിലും 40 വീതം സംഘമാണ് തിരച്ചിൽ നടത്തുന്നത്.
Discussion about this post