ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫലപ്രദമായ പാലമായി ഗവർണർമാർ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിലേയ്‌ക്കെത്താൻ ജനങ്ങളുമായും സാമൂഹിക സംഘടനകളുമായും സംവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിൽ ഗവർണർമാരുടെ സമ്മേളനം അഭിസംഭോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുക, സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് സംസ്ഥാനത്തെ ജനങ്ങളുടെ പ്രത്യേകിച്ച് ആദിവാസി മേഖലകളുടെ ക്ഷേമത്തിൽ നിർണായക പങ്ക് വഹിക്കാവുന്ന പദവിയാണ് ഒരു ഗവർണറിന്റേത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത സമ്മേളനം മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ, ഉന്നത വിദ്യഭ്യാസം, ആദിവാസി മേഖലകളുടെ വികസനം തുടങ്ങിയവയെ പറ്റി ഗവർണർമാരുടെ ഉപഗ്രൂപ്പുകൾ ചർച്ച ചെയ്യുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കേന്ദ്ര ഏജൻസികൾ ഏകോപിച്ച് പ്രവർത്തിക്കേണ്ടത് ഏറെ പ്രധാനമാണ്. അതത് സംസ്ഥാനങ്ങളിലെ ഭരണഘടന തലവന്മാരെന്ന നിലയിൽ ഈ ഏകോപനം എങ്ജനെ സാധ്യമാക്കണമെന്ന് ചിന്തിക്കേണത് ഗവർണർമാരാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗവർണർമാരും ലഫ് ഗവർണർമാരും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രാഷ്ട്രപതിയുടെ പ്രതിനിധികളാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Discussion about this post