ലണ്ടൻ: ബ്രിട്ടണിൽ ഏഴ് വയസ്സുകാരനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച് മുസ്ലീം വിശ്വാസികളായ കുട്ടികൾ. ലണ്ടനിലെ പ്രമുഖ സ്‌കൂളായ സ്പ്രിംഗ് വെല്ലിലെ വിദ്യാർത്ഥികളാണ് സഹപാഠിയായ കുട്ടിയെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇവരെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മതപരിവർത്തനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഏഴ് വയസ്സുകാരന്റെ മാതാപിതാക്കൾ ആയിരുന്നു ഇക്കാര്യം പുറത്തറിയിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടിയുടെ സ്വാഭാവത്തിൽ ചില മാറ്റങ്ങൾ പ്രകടമായിരുന്നു. കാര്യം ആരാഞ്ഞ അമ്മയോട് താൻ മുഹമ്മദ് ആയി എന്നായിരുന്നു കുട്ടി പറഞ്ഞത്. ഇതിന് ശേഷം സഹപാഠികൾ പറഞ്ഞത് അനുസരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ഉൾപ്പെടെ കുട്ടി ചൊല്ലാൻ ആരംഭിച്ചു. ഇതോടെ കുട്ടിയുടെ അമ്മ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തിയ പിതാവും കുട്ടിയുടെ സ്വഭാവ മാറ്റം കണ്ട് അമ്പരന്നു. ഇതോടെ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയുടെ കയ്യിൽ കിടന്നിരുന്ന ചരട് മുസ്ലീം കുട്ടികൾ അറുത്ത് മാറ്റിയിരുന്നു. ഇവരുടെ നിർബന്ധ പ്രകാരം ആണ് കുട്ടി മുഹമ്മദ് എന്ന പേര് സ്വീകരിച്ചത്. പച്ചക്കറികൾ മാത്രം കഴിച്ചിരുന്ന ഏഴ് വയസ്സുകാരനെ മാംസം കഴിക്കാനും ഇവർ നിർബന്ധിച്ചിരുന്നു. ഹലാൽ മാംസം കഴിച്ചാൽ കൂടുതൽ ശക്തിലഭിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ പരിശ്രമം.
തങ്ങൾ എല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ തന്റെ മകനോട് സമപ്രായക്കാരായ കുട്ടികൾ ചെയ്തത് ആലോചിക്കുമ്പോൾ മനസിൽ ഭയം തോന്നുന്നു. രക്ഷിതാക്കളോ മറ്റാരോ ആണ് ഇവരെ ഇത്തരത്തിൽ പഠിപ്പിച്ചിരിക്കുകയെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
വീട്ടിലാരും മതങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. സ്വന്തം മതം പോലും വീട്ടിൽ ചർച്ചയാക്കാറില്ല. സ്‌കൂളിലെ ഇത്തരം സംഭവങ്ങൾ ഞെട്ടൽ ഉളവാക്കുന്നുവെന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.
Discussion about this post