ന്യൂയോർക്ക്: ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയ ഛിന്നഗ്രഹത്തിന്റെ പഠനം പക്ഷികളിൽ ജനിതക മാറ്റങ്ങൾ ഉണ്ടാക്കിയതായി പഠനം. അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ ആണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരിക്കുന്നത്. അന്ന് സംഭവിച്ച ജനിതക മാറ്റങ്ങളുടെ ഫലമാണ് നാം ഇന്ന് കാണുന്ന പക്ഷികൾ എന്നും പഠനം പറയുന്നു.
സയൻസ് അഡ്വാൻസസ് എന്ന ശാസ്ത്ര ജേണലിൽ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗവേഷകനായ ജെയ്ക്ക് ബെർവ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ഇപ്പോഴുള്ള പക്ഷികളുടെ ഡിഎൻഎ ആണ് പഠനവിധേയമാക്കിയിരിക്കുന്നത്. പക്ഷികളുടെ ഡിഎൻഎയിൽ നടത്തിയ പഠനത്തിൽ ഇവയുടെ വികാസത്തിന് കാരണമായിട്ടുള്ള ജീനോം ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്.
എ, ടി, ജി, സി എന്നീ നാല് ന്യൂക്ലിയോടൈഡുകളാണ് ജീവനുള്ള ജീവികളുടെ ജനിതകഘടനയിൽ അടങ്ങിയിട്ടുള്ളത്. ഇതാണ് ജീവി വർഗ്ഗങ്ങളുടെ ബ്ലൂ പ്രിന്റ്. എന്നാൽ ഡിഎൻഎ കോഡുകൾക്ക് ന്യൂക്ലിടൈഡുകളുടെ ഘടനയെ പാടെ മാറ്റിക്കൊണ്ട് പരിണമിയ്ക്കാൻ സാധിക്കും. ഇത് ജീവി വർഗ്ഗങ്ങളുടെ പരിണാമത്തിന് കാരണം ആകും.
66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഛിന്നഗ്രഹവും ഈ ഫലമാണ് പക്ഷികളുടെ ജനിതക ഘടനയിൽ സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി പൂർവ്വികരായ പക്ഷികളിൽ മാറ്റങ്ങൾ ഉണ്ടാക്കി. പക്ഷികളുടെ പൂർവ്വികർക്ക് വലിയ വലിപ്പമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്. ജനിതകഘടനയിൽ ഉണ്ടായ മാറ്റങ്ങളുടെ ഫലമായി അഞ്ച് മില്യൺ വർഷങ്ങൾ പിന്നിട്ടപ്പോഴേയ്ക്കും പക്ഷികളുടെ ശരീരം ചെറുതായി തുടങ്ങിയെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു.
Discussion about this post