തിരുവനന്തപുരം : ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലമാണ് പോസിറ്റീവായത് നിലവിൽ ചികിത്സയിൽ നാലു പേരാണ് ഉള്ളത്. മറ്റൊരാൾ നിരീക്ഷണത്തിലാണ് .
ഇന്ന് തന്നെ സംസ്ഥാനത്ത് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പം കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന്റെ സാമ്പുകളുടെ പരിശോധന ഫലവും പോസിറ്റീവ് ആയിട്ടുണ്ട്.കഠിനമായ പനിയും തലവേദനയും തുടർന്ന് 21 തീയതിയാണ് ഈ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.അന്ന് തന്നെ യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിച്ചെങ്കിലും ഇന്നാണ് സാമ്പിൾ ഫലം ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്.രോഗബാധ സംശയം ഉയർന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് വീഴ്ച വരുത്തിയെന്ന് ആക്ഷേപമുണ്ട്.
അതേസമയം പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത് .രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടണം .സ്വയം ചികിത്സ പാടില്ല എന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Discussion about this post