പാരീസ് : 2024 പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിലേക്ക്. ഒളിമ്പിക്സിലെ തന്റെ ബെസ്റ്റ് റെക്കോർഡ് ആയ 89.34 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ സ്വർണ്ണ നേട്ടം എന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്. ആഗസ്റ്റ് 8 ന് ഇന്ത്യൻ സമയം രാത്രി 11:55 ന് ആണ് ജാവലിൻ ത്രോ ഫൈനൽ മത്സരം നടക്കുക.
ജാവലിൻ ത്രോയിൽ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര. 2022 ജൂണിൽ സ്വീഡനിലെ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.94 മീറ്ററിൻ്റെ റെക്കോർഡ് ഫൈനലിൽ നീരജ് മറികടക്കുമോ എന്നാണ് ഇന്ത്യൻ കായിക ലോകം ഉറ്റുനോക്കുന്നത്. നിലവിൽ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടിയ 12 താരങ്ങളിൽ ആദ്യ സ്ഥാനത്താണ് നീരജ് ഉള്ളത്.
ഗ്രേനാഡ താരം ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് നീരജ് ചോപ്രയ്ക്ക് ശേഷം രണ്ടാമതായി ഫൈനലിൽ എത്തിയിരിക്കുന്നത്. 88.63 മീറ്റർ ദൂരമാണ് അദ്ദേഹം എറിഞ്ഞത്. ജർമ്മനിയുടെ ജൂലിയൻ വെബർ മൂന്നാം സ്ഥാനത്തും പാകിസ്താന്റെ അർഷാദ് നദീം നാലാം സ്ഥാനത്തും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Discussion about this post