ന്യൂഡൽഹി : മൃതദേഹം മാറി നൽകിയ സംഭവത്തിൽ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയാണ് പരേതന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. 2009ൽ നടന്ന സംഭവത്തെ തുടർന്നാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
നേരത്തെ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഈ വിഷയത്തിൽ ആശുപത്രിക്കെതിരെ 25 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി ദേശീയ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചപ്പോൾ നഷ്ടപരിഹാരം 5 ലക്ഷം രൂപയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. ദേശീയ ഉപഭോക്തൃ കമ്മീഷന്റെ ഈ വിധിക്കെതിരെ ആണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
2009ൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമൻ, കാന്തി എന്നിവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്നും പരസ്പരം മാറി നൽകുകയായിരുന്നു. ആദ്യം എത്തിയ കാന്തിയുടെ കുടുംബത്തിന് പുരുഷോത്തമന്റെ മൃതദേഹം ആയിരുന്നു ആശുപത്രിയിൽ നിന്നും നൽകിയത്. ഇവർ ഈ മൃതദേഹം സംസ്കരിച്ചതിനുശേഷം ആണ് പുരുഷോത്തമന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തുകയും മൃതദേഹം മാറിയതായി തിരിച്ചറിയുകയും ചെയ്തത്.
എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയുടെ അനാസ്ഥ മൂലം തങ്ങളുടെ പിതാവിന് അന്ത്യകർമ്മങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞില്ല എന്ന് കാണിച്ച് പുരുഷോത്തമന്റെ മക്കളായ ഡോ. പി ആർ ജയശ്രീ, ഡോ. പി ആർ റാണി എന്നിവരാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചിരുന്നത്. തന്റെ കക്ഷികൾക്ക് കടുത്ത മനോവിഷമമാണ് ആശുപത്രിയുടെ വീഴ്ച കാരണം സംഭവിച്ചത് എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് വാദിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവർ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.
Discussion about this post