തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയിരിക്കുന്ന വയനാട്ടിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടത്തുന്ന ശോഭായാത്ര നടത്തില്ലെന്ന് ബാലഗോകുലം. വയനാട്ടിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്ലാതെ പ്രാർത്ഥന മാത്രമായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളും കുടുംബങ്ങളും ചേർന്ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്നും ബാലഗോകുലം വ്യക്തമാക്കി.
കേരളത്തിലെ മറ്റു ജില്ലകളിലും ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ആർഭാടങ്ങൾ ഉണ്ടാകില്ല. വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ വലിയ ആഘോഷങ്ങളില്ലാതെ ഭക്തിസാന്ദ്രമായ രീതിയിൽ ശോഭായാത്ര നടത്താനാണ് ബാലഗോകുലം തീരുമാനിച്ചിരിക്കുന്നത്. ശോഭായാത്ര നടത്തുന്ന എല്ലാ ജില്ലകളിലും യാത്രയുടെ ചടങ്ങുകൾക്ക് മുൻപായി വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലികളും പ്രാർത്ഥനകളും അർപ്പിക്കണമെന്നും ബാലഗോകുലം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 26നാണ് ഈ വർഷം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതാണ് ഈ വർഷം ബാലഗോകുലം മുന്നോട്ടുവയ്ക്കുന്ന ശ്രീകൃഷ്ണ ജയന്തി സന്ദേശം. ശ്രീകൃഷ്ണജയന്തി ദിനത്തിൽ വയനാടിന് വേണ്ടി പ്രത്യേകമായി സ്നേഹനിധി സമാഹരണം നടത്താനും തീരുമാനിച്ചിട്ടുള്ളതായി ബാലഗോകുലം അറിയിച്ചു.
Discussion about this post