ന്യൂഡൽഹി: കാമുകിയുടെ പിറന്നാളാഘോഷത്തിനായി പാർട്ടി നടത്താനും ഐഫോൺ സമ്മാനിക്കാനും ഒമ്പതാം ക്ലാസുകാരൻ പണം കണ്ടെത്താൻ ശ്രമിച്ചത് അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ നജഫ്ഗഡിൽ ആണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് പിടികൂടി.
വീട്ടിൽ മോഷണം നടന്നതായി കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ തന്നെയാണ് പ്രതിയെന്ന് പോലീസ് അനായാസം തിരിച്ചറിഞ്ഞു. കുട്ടി തന്റെ അമ്മയുടെ സ്വർണ്ണ കമ്മൽ, സ്വർണ്ണ മോതിരം, സ്വർണ്ണ ചെയിൻ എന്നിവ പ്രദേശത്തെ രണ്ട് വ്യത്യസ്ത സ്വർണ്ണപ്പണിക്കാർക്ക് വിൽക്കുകയായിരുന്നു. ആ പണം ഉപയോഗിച്ചാണ് കുട്ടി തന്റെ കാമുകിക്ക് വേണ്ടി ആപ്പിൾ ഐഫോൺ വാങ്ങിയത്.
ഈ കഴിഞ്ഞ ഓഗസ്റ്റ് 3 നാണ് കുട്ടിയുടെ അമ്മ തന്റെ വീട്ടിൽ മോഷണം നടന്നുവെന്ന് പോലീസിൽ പരാതി നൽകിയത്. ആഗസ്ത് 2 ന് രാവിലെ 8 നും 3 നും ഇടയിൽ അജ്ഞാതൻ തന്റെ വീട്ടിൽ നിന്ന് രണ്ട് സ്വർണ്ണ ചെയിനുകളും ഒരു ജോടി സ്വർണ്ണ കമ്മലും ഒരു സ്വർണ്ണ മോതിരവും മോഷ്ടിച്ചതായി അവർ പരാതിയിൽ പറഞ്ഞു. തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു. അന്വേഷണത്തിൽ, സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരിയുടെ വീടിന് സമീപം സംശയാസ്പദമായ ഒന്നും പോലീസിന് കണ്ടെത്താനായില്ല. ഈ സമയമാണ് തന്റെ മകനെ കാണാനില്ലെന്ന വിവരം അമ്മ ശ്രദ്ധിക്കുന്നത്. പിന്നീട് മകനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒമ്പതാം ക്ലാസുകാരന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. അതിനിടെ ഒമ്പതാം ക്ലാസുകാരൻ 50,000 രൂപയുടെ പുതിയ ഐഫോൺ വാങ്ങിയതായി പോലീസ് കണ്ടെത്തി.
തുടർന്ന് കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇവിടെ നിന്നെല്ലാം കുട്ടി രക്ഷപെടുകയായിരുന്നു. അതിനിടെ കുട്ടി ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വീട്ടിലെത്തുമെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയെ പിടികൂടി. തിരച്ചിലിൽ കുട്ടിയുടെ പക്കൽ നിന്ന് ആപ്പിൾ ഐഫോൺ മൊബൈൽ കണ്ടെടുത്തു. താൻ മോഷിടിച്ചിട്ടില്ലെന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞത്. എന്നാൽ മോഷ്ടിച്ച സ്വർണം രണ്ട് സ്വർണപ്പണിക്കാർക്ക് വിറ്റതായി പിന്നീട് കുട്ടി സമ്മതിക്കുകയായിരുന്നു. ഇതിൽ കമൽ വർമ്മ എന്ന സ്വർണപ്പണിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു സ്വർണ്ണ മോതിരവും കമ്മലും കണ്ടെടുക്കുകയും ചെയ്തു.
Discussion about this post