ന്യൂഡൽഹി: നിരൂപക ശ്രദ്ധ ഏറ്റുവാങ്ങിയ ചിത്രം ‘ലപതാ ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. ജഡ്ജിമാർ, അവരുടെ കുടുംബങ്ങൾ, മറ്റ് സുപ്രീം കോടതി ജീവനക്കാർ എന്നിവർക്ക് വേണ്ടിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചിത്രം കാണാനുണ്ടാകും. പ്രശസ്ത നടനും ചിത്രത്തിന്റെ നിർമാതാവുമായ ആമിർ ഖാനും സംവിധായകൻ കിരൺ റാവുവും ചിത്രം കാണാനെത്തും. അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്‌സിലെ സി ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തിലാകും സ്‌ക്രീനിംഗ് നടക്കുക. വൈകീട്ട് 4.15 മുതൽ 6.20 വരെയായിരിക്കും പ്രദർശനം നടക്കുക.
വൻ താരനിരകളുടെ പിൻബലമില്ലാതെ, ഹൈപ്പുകളൊന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രമാണ് ‘ലപതാ ലേഡീസ്’. മാർച്ച് ഒന്നിനാണ് ചിത്രം റീലീസ് ചെയ്തത്. തീയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഒടിടിയിലെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. വലിയ നീരൂപക ശ്രദ്ധ ഏറ്റു വാങ്ങിയ ചിത്രം ഭാഷാ ഭേതമന്യേ ആളുകൾ ചർച്ച ചെയ്തു തുടങ്ങുകയായിരുന്നു.
ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നിർമാണം. ഫൂൽ കുമാരി, ജയ ത്രിപാദി എന്നീ യുവതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഉത്തരേന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
Discussion about this post