ന്യൂഡൽഹി : സമാധാനത്തിന്റെ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം യുക്രെയ്‌നിൽ സന്ദർശനം നടത്തും. ഓഗസ്റ്റ് 23 നാണ് സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. രണ്ട് വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്.
ജൂലൈയിൽ മോസ്‌കോയിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കിടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. യുക്രൈൻ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്നും ബോംബുകൾക്കും തോക്കുകൾക്കും വെടിയുണ്ടകൾക്കും ഇടയിൽ സമാധാന ചർച്ചകൾ വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു. സമാധാന സന്ദേശം യുക്രൈനിലേക്കും എത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ ഈ യാത്രയിലൂടെ 2022ൽ സംഘർഷം ആരംഭിച്ചതിന് ശേഷം യുക്രെയ്നും റഷ്യയും സന്ദർശിച്ച ലോകനേതാക്കളുടെ ചുരുക്കം ചിലരിൽ ഒരാളായി മോദി മാറും. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ചിൽ സെലെൻസ്‌കിയും മോദിയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ചും ഇന്ത്യ-യുക്രെയ്ൻ ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Discussion about this post