തൃശ്ശൂർ : കാഴ്ച പരിമിതനായ ലോട്ടറി വില്പനക്കാരൻ കുഞ്ഞുമോൻ ചേട്ടനെ കബളിപ്പിച്ചവർക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ഇതോടൊപ്പം നിരവധി സുമനസ്സുകൾ സഹായഹസ്തം നീട്ടിയത് കുഞ്ഞുമോൻ ചേട്ടന് വലിയ ആശ്വാസം ആവുകയാണ്. അദ്ദേഹത്തിന് നഷ്ടപ്പെട്ട പണം നൽകാനായി നിരവധി പേരാണ് മുന്നോട്ടുവന്നിട്ടുള്ളത്.
തൃശ്ശൂർ വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേഗേറ്റ് പരിസരത്ത് ലോട്ടറി വില്പന നടത്തുന്ന കാഴ്ചപരിമിതനായ വ്യക്തിയാണ് കുഞ്ഞുമോൻ. കഴിഞ്ഞദിവസം ആണ് കുഞ്ഞുമോൻ ചേട്ടനെ അജ്ഞാതനായ സാമൂഹ്യവിരുദ്ധൻ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തത്. കുഞ്ഞുമോൻ ചേട്ടന്റെ കൈയിൽ ഉണ്ടായിരുന്ന ലോട്ടറിക്കെട്ട് വാങ്ങിയശേഷം പഴയ ലോട്ടറി തിരികെ നൽകുകയായിരുന്നു. അമ്പതോളം ലോട്ടറികൾ ആണ് കുഞ്ഞുമോൻ ചേട്ടന് ഇതിലൂടെ നഷ്ടപ്പെട്ടത്.
2000 രൂപയുടെ നഷ്ടമാണ് ഈ കണ്ണില്ലാത്ത ക്രൂരതയിലൂടെ അദ്ദേഹത്തിന് നഷ്ടം വന്നത്. പിന്നീട് ലോട്ടറി വാങ്ങാൻ വന്നവരാണ് കുഞ്ഞുമോൻ ചേട്ടന്റെ കയ്യിലുള്ളത് പഴയ ലോട്ടറികൾ ആണെന്ന വിവരം അദ്ദേഹത്തെ അറിയിച്ചത്. തുടർന്ന് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ് അദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം വാർത്തയായതോടെ അയൽവാസികളും വടക്കാഞ്ചേരിയിലെ വ്യാപാരികളും എല്ലാം കുഞ്ഞുമോൻ ചേട്ടന് സഹായഹസ്തവുമായി എത്തുകയാണ്. കാഴ്ച പരിമിതിയുള്ള ഒരു മനുഷ്യനോട് ഇത്ര ക്രൂരത ചെയ്ത ആ സാമൂഹ്യവിരുദ്ധന എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം എന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.









Discussion about this post