ന്യൂഡൽഹി; ബംഗ്ലാദേശിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പലായനത്തിനുള്ള സാധ്യതകൾ തേടി ബംഗ്ലാദേശികൾ. ഇന്ത്യയിലേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആളുകളാണ് അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നത്.
അയൽരാജ്യത്ത് തുടരുന്ന അക്രമങ്ങൾക്കിടയിൽ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഎസ്എഫ് ഒന്നിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടയിൽ, ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്ന വൻ ജനക്കൂട്ടത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥൻ സമാധാനിപ്പിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിന്റെ അതിർത്തിയോട് ചേർന്നുള്ള ബംഗ്ലാദേശ് ഭാഗത്തുള്ള ലാൽമോനിർഹട്ട് ജില്ലയിൽ നിന്നുള്ളതാണ് വീഡിയോ, നൂറുകണക്കിന് ബംഗ്ലാദേശികൾ നെഞ്ചോളം വെള്ളത്തിൽ നിൽക്കുന്നതാണ് വീഡിയോ..തങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ബിഎസ്എഫിനോട് അവർ അഭ്യർത്ഥിക്കുന്നു. എന്നാൽ അതിർത്തി കടക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് സൈന്യം പലായനക്കാരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.
‘നിങ്ങൾ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. എല്ലാവർക്കും പ്രശ്‌നം മനസ്സിലായി. നിങ്ങൾ ഇവിടെ വന്നിട്ടുണ്ട്, പക്ഷേ ഇത് ചർച്ചാ വിഷയമാണ്. ഞങ്ങളുടെ ഇഷ്ടം പോലെ നിന്നെ അകത്തേക്ക് കയറ്റാൻ പറ്റില്ല, നീ ഇങ്ങനെ ബഹളം വെച്ചാൽ ഞങ്ങൾ പറയുന്നത് മനസ്സിലാകില്ല. ഞങ്ങളുടെ മുതിർന്ന ഓഫീസർമാരും ഇവിടെ വന്നിട്ടുണ്ട്, അവരുടെ പേരിൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല, ഇന്ന് തിരികെ പോകുക എന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
ബിഎസ്എഫിനെ കണ്ട് പുഴയിൽ തുടർന്ന ഇവരിൽ ചിലർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. അതിർത്തിവേലിക്ക് 400 മീറ്ററിന് സമീപമെത്തിയ സംഘത്തെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇവർ തയ്യാറാകാതെ പുഴയിൽ തുടർന്നു. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും പീഡനം നേരിടുന്നതായും ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ബിഎസ്എഫ്, ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ബിജിബി സംഘം ബംഗ്ലാദേശികളെ തിരികെ കൊണ്ടുപോയി.
Discussion about this post