സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ജാക്കി ചാനുമൊത്തുള്ള രസകരമായ നിമിഷങ്ങൾ പങ്കുവച്ച് ഷാരൂഖ് ഖാൻ. താന ജാക്കി ചാന്റെ വലിയൊരു ഫാൻ ആയിരുന്നു. മകൻ ആര്യൻ ജനിച്ചപ്പോൾ ജാക്കി ചാനെ പോലെയുണ്ടായിരുന്നു. ആര്യൻ വളരുമ്പോൾ അദ്ദേഹത്തെ പോലെയാകണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താനുമായി ചേർന്ന് ഒരു റെസ്‌റ്റോറന്റ് ബിസിനസ് തുടങ്ങാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
‘എന്റെ മകൻ, എന്റെ ആദ്യത്തെ മകൻ, ആര്യൻ ജനിച്ചപ്പോൾ, അവൻ ജാക്കി ചാനെപ്പോലെയാണെന്ന് എനിക്ക് ശരിക്കും തോന്നി. നിങ്ങൾക്കറിയാമോ, കുട്ടികൾ ജനിക്കുമ്പോൾ, അവർ വളരെ കുഞ്ഞായി കാണുമ്പോൾ… അവൻ ജാക്കി ചാനെപ്പോലെയായിരുന്നു. വളരുമ്പോൾ അവൻ ജാക്കി ചാനെപ്പോലെയാകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അവനെ തായ്ക്വോണ്ടോ പരിശീലിപ്പിച്ചു. അവൻ ജാക്കി ചാനാകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു.
എന്റെ ഒരു സുഹൃത്ത് ജാക്കി ചാനെ എവിടെയോ കണ്ടുമുട്ടിയതായി ഞാൻ ഓർക്കുന്നു. അദ്ദേഹം അന്ന് ആര്യനു വേണ്ടി ഒരു തൊപ്പിയിൽ ജാകകി ചാന്റെ ഒപ്പ് ഇട്ട് കൊണ്ടുവന്നു. പിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം, മൂന്ന്, നാല് വർഷം മുമ്പ്, സൗദി അറേബ്യയിൽ വെച്ച് അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സ്വീറ്റ് ആയിരുന്നു അദ്ദേഹം’- ഷാരൂഖ് പറഞ്ഞു.
താനും ജാക്കി ചാനും ഒരു ചൈനീസ് റെസ്റ്റോറന്റ് തുറക്കാൻ പദ്ധതിയിട്ടിരുന്നതായും ഷാരൂഖ് ഖാൻ പറഞ്ഞു. അദ്ദേഹത്തെ കണ്ടുമുട്ടാൻ കഴിഞ്ഞത് തന്റെ ഭാഗ്യവും സന്തോഷവുമാണ്. അദ്ദേഹം എപ്പോഴെങ്കിലും ഈ അഭിമുഖം കാണുകയാണെങ്കിൽ, പങ്കാളിത്തത്തോടെ തനിക്കൊപ്പം ഒരു ചൈനീസ് റെസ്റ്റോറന്റ് തുറക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നതായി അറിയണമെന്നും ഷാരൂഖ് പറഞ്ഞു.
Discussion about this post