ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. നാവിക സേനയ്ക്ക് ഗംഗാവലി പുഴയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്നതോടെയാണ് തിരച്ചിൽ വീണ്ടും തടസ്സപ്പെട്ടത്. ഇതേ തുടർന്ന് കരയിൽ തന്നെ നിൽക്കുകയാണ് നാവിക സേന.
രാവിലെ ഒൻപത് മണിയോടെയായിരുന്നു നാവിക സേന അംഗങ്ങൾ പുഴയിൽ എത്തിയത്. ഇതിന് പിന്നാലെ സോണാർ ഉപയോഗിച്ച് പുഴയുടെ ഒഴുക്കും മറ്റും നിരീക്ഷിച്ചു. എന്നാൽ പുഴയിലേക്ക് ഇറങ്ങാൻ ഇവർക്ക് ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അനുമതി നൽകാതിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പുഴയിൽ ഇറങ്ങാനുള്ള സാദ്ധ്യതകൾ നാവിക സേന പരിശോധിച്ചുവരികയാണ്.
നിലവിൽ പ്രദേശത്ത് തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ്. പുഴയിലെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരച്ചിൽ പുനരാരംഭിക്കാൻ നാവിക സേന മുന്നോട്ട് എത്തിയത്. ദൗത്യ സംഘത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും പുഴയിൽ ഇറങ്ങുമെന്നും സൂചനയുണ്ട്.











