ന്യൂഡൽഹി; പ്രകൃതിക്ഷോഭങ്ങൾ മറ്റ് ദുരന്തങ്ങൾ എന്നിവയുടെ ദൃശ്യങ്ങളിൽ തീയതിയും സമയവും നൽകണമെന്ന് സ്വകാര്യ വാർത്താ ചാനലുകൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ.ഇത്തരം ദുരന്തങ്ങൾ നടന്ന സമയത്തെ ദൃശ്യങ്ങൾ തന്നെ പിന്നീടുള്ള ദിവസങ്ങളിലെ വാർത്താ കവറേജിന് പശ്ചാത്തലമായി കാണിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
അപകടമോ ദുരന്തങ്ങളോ സംഭവിച്ച് ദിവസങ്ങൾക്ക് ശേഷവും പഴയ ദൃശ്യങ്ങൾ തന്നെ കാണിക്കുന്നത് അനാവശ്യ ആശയക്കുഴപ്പവും കാഴ്ചക്കാർക്കിടയിൽ ഭീതിയുമുണ്ടാക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ദുരന്തങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, അപകടങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾക്ക് മുകളിൽ തീയതിയും സമയവും കൂട്ടിച്ചേർക്കണം. ഇക്കാര്യത്തിന് എല്ലാ സ്വകാര്യ, സാറ്റ്ലൈറ്റ് ടിവി ചാനലുകളും പ്രാധാന്യം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
തീയതിയും സമയവും നൽകുന്നത് പ്രേക്ഷകരിൽ അനാവശ്യ ഭീതി കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ സ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളല്ല ഇതെന്ന ബോധം കാഴ്ചക്കാരിലുണ്ടാക്കാനും ഇതിലൂടെ സാധിക്കും.വയനാട്ടിലേയും ഹിമാചൽ പ്രദേശിലേയും ഉരുൾപ്പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ദൃശ്യങ്ങൾ ചാനലുകളിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തിയത്.
Discussion about this post