മലയാളിയുടെ അടുക്കളയിൽ വെളിച്ചെണ്ണക്കുള്ള സ്ഥാനം പറഞ്ഞറിയിക്കേണ്ടതില്ല..വെളിച്ചെണ്ണയില്ലാത്ത വിഭവങ്ങൾ കേരളീയർക്ക് വളരെ കുറവായിരിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളിൽ വരെ വെളിച്ചെണ്മ ഉപയോഗിച്ച് വരുന്നു.ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതുമാണ്. രസം, രക്തം മുതലായ സപ്തധാതുക്കളെ പോഷിപ്പിക്കുന്നതുമാണ് വെളിച്ചെണ്ണ. വാതപിത്ത രോഗങ്ങളെ ഇല്ലാതാക്കും. വെളിച്ചെണ്ണയ്ക്ക് പൂപ്പലുകളെ നശിപ്പിക്കാൻ കഴിവുള്ളതുകൊണ്ട് ചില ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കും. ആന്റിബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായമേകുന്നത്.
ഇപ്പോഴിതാ വെളിച്ചെണ്ണയ്ക്ക് കാൻസറിനെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വായിലെ കാൻസർ പ്രതിരോധിക്കാനും പ്രാഥമിക ഘട്ടത്തിലെ രോഗബാധ നിയന്ത്രിക്കാനും വെർജിൻ വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.
എയിംസ് ഭുവനേശ്വറിലെ ഡോ. അമിത് ഘോഷ്, ഡോ. സി.പ്രീതം, ഡോ. സൗരവ് സർക്കാർ, ഡോ. അശോക് കുമാർ ജെന, ഡോ. സുവേന്ദു പുർകായത് എന്നിവരുടെ നേതൃത്വത്തിൽ 62 രോഗികളിൽ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെർജിൻ വെളിച്ചെണ്ണയിൽ രോഗനിയന്ത്രണത്തിനു സഹായകമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ പിന്തുണയോടെയാണ് പഠനം. കാൻസർ ബാധിതരും കാൻസറിനു കാരണമായ മുറിവുള്ളവരുമായ 62 ആളുകളെ 2 വിഭാഗമായി തിരിച്ചായിരുന്നു പഠനം. ഒരു വിഭാഗത്തിനു വെളിച്ചെണ്ണ ദിവസം 4 നേരം കവിൾകൊള്ളാൻ നൽകി. ഇവരുടെ മുറിവ് വേഗത്തിൽ ഭേദപ്പെട്ടു. കാൻസറിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവർക്കു രോഗവ്യാപനത്തിൽ കാര്യമായ കുറവുള്ളതായും പരിശോധനയിൽ വ്യക്തമായി.
വായിലെ മുറിവുകൾ കാൻസറായി മാറുന്നത് പൂർണമായി തടയാനും ഒന്നും രണ്ടും ഘട്ടത്തിലുള്ള ഇത്തരം കാൻസറിന്റെ വ്യാപനം തടയാനും വെർജിൻ വെളിച്ചെണ്ണ കവിൾ കൊള്ളുന്നതിലൂടെ കഴിയുമെന്നാണ് നിഗമനം. വെർജിൻ വെളിച്ചെണ്ണ ഓയിൻമെന്റായി പുരട്ടാനുള്ള ഗവേഷണം പുരോഗമിക്കുകയാണ്.








