കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആയ ജോൺ മത്തായി. എന്നാൽ ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോൺ മത്തായി പറഞ്ഞു.
ഉരുൾ പൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റർ മഴയുണ്ടായെന്ന് വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ സംഘം പരിശോധന നടത്തി. ഇതിന് മുമ്പ് മൂന്ന് തവണ സമാനമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. എട്ടു കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താൽക്കാലിക ഡാം പോലുണ്ടായി. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും ജോൺ മത്തായി പറഞ്ഞു. ഇപ്പോൾ നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോർട്ട് പത്ത് ദിവസത്തിനകം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷിതമായ പ്രദേശങ്ങൾ ഏതൊക്കെ, ദുർബലപ്രദേശങ്ങൾ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് നേരത്തെ ജോൺ മത്തായി വ്യക്തമാക്കിയിരുന്നു. സേഫ് ഏരിയ അൺസേഫ് ഏരിയ ആയി തിരിച്ച ശേഷം കേടുപാടുകൾ സംഭവിക്കാത്ത വീടുകളുണ്ടെങ്കിൽ, സേഫ് ഏരിയ ആണെങ്കിൽ അവയെ ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സി.ഡബ്ല്യു.ആർ.എം. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കൽ എൻ.ഐ.ടി. അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
Discussion about this post