പാരീസ്: 100 ഗ്രാം ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടത് രാജ്യം മുഴുവൻ ഞെട്ടലോടെയാണ് കണ്ടത്. ഉറപ്പാക്കുമെന്ന് കരുതിയ രണ്ടു മെഡലുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ വഴുതി പോയത്. ഇതേ തുടർന്ന് മാനസികമായി തളർന്ന താരം ഇനി ഗോദയിലേക്കില്ല എന്ന് പ്രസ്താവിച്ചതും നമ്മൾ കണ്ടു.
ഭാരം കുറക്കാൻ വേണ്ടി തലേന്ന് രാത്രി വിനേഷ് ഭക്ഷണമോ വെള്ളമോ കഴിച്ചില്ല എന്ന് മാത്രമല്ല അവരുടെ മുടി മുറിക്കുക കൂടെ ചെയ്തു, എന്നാൽ എല്ലാം വെറുതെയായി. ഫൈനലിന് മുമ്പ് വിനേഷ് വെള്ളി മെഡൽ ഉറപ്പിച്ചിരുന്നു , എന്നാൽ അവളുടെ അയോഗ്യത വന്നതിനു ശേഷം അവരുടെ റെക്കോർഡ് ഔദ്യോഗിക റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
തീരുമാനത്തിനെതിരെ വിനേഷ് അപ്പീൽ നൽകുകയും ഫൈനലിൽ പ്രവേശിച്ചതിനാൽ സംയുക്ത വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അപ്പീൽ ഓഗസ്റ്റ് 14 ന് കോടതി ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട് (സിഎഎസ്) നിരസിക്കുകയായിരുന്നു.
ഇതോടു കൂടി പ്രതീക്ഷകൾ എല്ലാം അവസാനിച്ചു എന്നാണ് കരുതിയതെങ്കിലും, അങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് വിനേഷ് ഫോഗാട്ടിന്റെ പരിശീലകൻ.
അവൾക്ക് ഇപ്പോഴും വെള്ളി മെഡൽ ലഭിക്കാനുള്ള സാധ്യതകളുണ്ട് . സിഎഎസിൻ്റെ തീരുമാനത്തിനെതിരെ 30 ദിവസത്തിനകം സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൽ അപ്പീൽ നൽകാമെന്ന് വിനേഷിൻ്റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനിയ വാർത്താ ഏജന്സികളോട് വ്യക്തമാക്കി. സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൻ്റെ വിധി അനുകൂലമായാൽ വിനേഷിന് മെഡൽ നൽകപ്പെടും.
Discussion about this post