കോട്ടയം: എറണാകുളം- കോട്ടയം റൂട്ടിലെ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണം എന്ന് കർശ്ശന നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഏതാനും നാളുകൾക്ക് മുമ്പ് അമിതവേഗത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒട്ടേറെപേര്‍ക്ക് പരിക്കേറ്റ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി കടുപ്പിച്ചത്. ഫിറോസ് മാവുങ്കല്‍ എന്ന വ്യക്തി നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിരമായി ഇടപെടൽ നടത്തിയത്
വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മത്സരയോട്ടം അവസാനിപ്പിക്കണമെന്നും, അതിനു വേണ്ടിയുള്ള കര്‍മ്മപദ്ധതി സമർപ്പിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കുമാണ് നിർദ്ദേശം നൽകിയത് . സെപ്റ്റംബര്‍ 12ന് മുമ്പ് റിപ്പോര്‍ട്ട് നൽകണമെന്നും ആവശ്യപെട്ടിട്ടുണ്ട്.
സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് ഓടിയ 37 ബസ്സുകളാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ മാസം പിടികൂടിയത്. കഴിഞ്ഞ ദിവസം എട്ടു ബസ്സുകള്‍ പിടിയിലായി. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്‌ക്കും വിധം അലങ്കാരങ്ങള്‍ നടത്തിയ നാല് ബസ്സുകളും പിടിച്ചെടുത്തു. എറണാകുളം റൂട്ടില്‍ ഓടുന്ന ബസ്സുകളിലാണ് ക്രമക്കേടുകള്‍ കൂടുതലെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post