എറണാകുളം : സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് നടി രഞ്ജിനി. ഈ ആവശ്യവുമായി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടി ഹർജി നൽകിയിട്ടുള്ളത്. രഞ്ജിനിയുടെ ആവശ്യം ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയെ തുടർന്ന് നാളെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്ന് കേരള സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് നടി രഞ്ജിനി ഈ വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബെഞ്ച് അനുവാദം നൽകിയിട്ടുണ്ട്.
ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും മൊഴി നൽകിയവരുടെ അനുമതി തേടാതെ റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനി ആവശ്യം ഉന്നയിക്കുന്നത്. യഥാർത്ഥത്തിൽ 295 പേജുകൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 62 പേജുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ട് ആയിരിക്കും പുറത്ത് വിടുക എന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കാനാണ് ഈ 62 പേജുകൾ ഒഴിവാക്കിയിരിക്കുന്നത് എന്നും വിശദീകരണം ഉണ്ടായിരുന്നു. റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് അഞ്ച് മാദ്ധ്യമപ്രവർത്തകർ വിവരാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചിരുന്നത്.
Discussion about this post